Tuesday, October 26, 2010

നെയ്ച്ചോര്‍ ഉണ്ടാക്കുന്നത്‌ എങ്ങനെ ???- ഒരു പാചകക്കുറിപ്പ്‌


                    കോളേജ് ജീവിതം അങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കുന്ന സമയം. മുന്നാറിന്റെ സൗന്ദര്യവും തണുപ്പും എല്ലാം ആസ്വദിച്ചു ജീവിതം അങ്ങനെ കഴിഞ്ഞു പോകുവാ. ഇതിനിടക്ക ഇടിത്തീ പോലെ ഒന്നാം വര്ഷം കഴിഞ്ഞു പോകുന്നത്. രണ്ടാം വര്ഷം മുതല്‍ ഞങ്ങള്‍ ആണുങ്ങള്‍ എന്നാ വര്‍ഗത്തിന് താമസിക്കാന്‍ ഞങ്ങള്‍ തന്നെ സൗകര്യം കണ്ടു പിടിക്കണം. സംരക്ഷിത വര്‍ഗമായ സ്ത്രീകള്‍ ഭാഗ്യമുള്ളവര്‍. അവര്‍ക്ക് കോളേജ് തന്നെ ഹോസ്റ്റല്‍ ഒരുക്കുന്നുണ്ട്‌. ഒടുവില്‍ തള്ളക്കോഴി കുഞ്ഞുങ്ങളെ ആട്ടി ഓടിക്കുന്ന പോലെ ഞങ്ങളെ ഹോസ്റ്റലില്‍ നിന്നും ഇറക്കി വിട്ടു. അന്ന് അവിടത്തെ പാചകക്കാരന്‍ ജോസഫ്‌ ഏട്ടന്റെ മുഖത്ത് കണ്ട സന്തോഷം പറയാന്‍ പറ്റില്ല. ഓരോ ദിവസവും കഴിക്കുന്നതിനു കണക്കില്ലല്ലോ..... ഒരു പൊറോട്ട ചോദിച്ചിട്ട്  തന്നില്ലെങ്കില്‍ അന്ന് അവിടെ അടിയാണ്.  "നീയൊക്കെ അനുഭവിക്കാന്‍ പോകുന്നതെ ഉള്ളൂ മോനെ...." എന്നാ രീതിയില്‍ ഒരു നോട്ടവും നോക്കി പുള്ളിക്കാരന്‍ അങ്ങനെ നില്‍ക്കുവാ....

                                    പുതിയ വീട്ടില്‍ താമസം ആക്കിയപ്പോള്‍ ആകെയുള്ള പ്രോബ്ലം ഫുഡ്‌ തന്നെ... ഹോട്ടലില്‍ നിനും കഴിക്കുന്നത്‌ കൊണ്ട് ആദ്യത്തെ 2 ദിവസം വളരെ കൂള്‍ ആയി പോയി. പിന്നെ പിന്നെ സ്വന്തം കീശയില്‍ കാശില്ലാത്ത അവസ്ഥ വന്നു.... അപ്പോള്‍ പിന്നെ അടുത്തവന്റെ കീശ തന്നെ ആശ്രയം...... പക്ഷെ മുറിയിലെ കുബെരന്മാരും ഇലനക്കി പട്ടിയുടെ ചിരി നക്കാന്‍ വന്നപ്പോള്‍ ഏതോ തല തെറിച്ചവന്‍ ഒരു ഐഡിയ കൊണ്ട് വന്നു... സ്വന്തമായി ഉണ്ടാക്കി കളയാം....... എല്ലാവരും ഒറ്റക്കെട്ടായി സമ്മതിച്ചു... അപ്പോള്‍ അടുത്ത പ്രശ്നം. "പൂച്ചക്ക് ആര് മണി കെട്ടും". ഇ പറഞ്ഞവന്മാര്‍ക്ക് ആര്‍ക്കും ഉണ്ടാക്കാന്‍ അറിയില്ല.. അപ്പോഴാണ് ആസ്ഥാന കുക്ക് ആയ ഞാന്‍ എന്ന ഞാന്‍ , വെറും ഞാന്‍  രംഗ പ്രവേശനം ചെയ്യുന്നത്.... പണ്ട് ബിരിയാണിക്ക് തീ കത്തിച്ചു കൊടുത്ത എക്സ്പീരിയന്‍സ് ഉണ്ട് എനിക്ക്... എന്നാല്‍ ശരി "മൂക്കില്ല രാജ്യത്ത് മുറിമൂക്കന്‍ രാജാവ് ഞാന്‍ തന്നെ."
                   പിറ്റേന്ന് ഞായറാഴ്ച... വീട്ടു സാധനങ്ങളൊക്കെ തയ്യാര്‍...ഞാന്‍ രാവിലെ പ്രഷര്‍ കുക്കറില്‍ അരിയും ഇട്ട്‌ 7 പ്രാവശ്യം വിസിലും കേട്ട്‌ [ഫോണ്‍ വഴി അമ്മയുടെ സ്പെഷ്യല്‍ ക്ലാസ്സ്‌]നിര്‍ത്തിയിട്ട്‌ പോയതാണു. ഉച്ചയ്ക്കു തെണ്ടി തിരിഞ്ഞു  വന്നു  ഡ്രസ്സ്‌ മാറി, കൂട്ടാന്‍ എല്ലാം സ്റൌവില്‍  വെച്ചു അടുക്കളയില്‍ വന്ന് പ്രഷര്‍ കുക്കര്‍ തുറന്നു നോക്കിയപ്പോള്‍ ഞെട്ടി പോയി. എനിക്ക് എണ്ണം തെറ്റി. ചോറു വെന്ത്‌ കുഴഞ്ഞിരിക്കുന്നു. ഈ പരുവത്തില്‍ ചോറു ഉണ്ണാന്‍ ഒക്കില്ല. കയ്യില്‍ കിട്ടിയ തവി വെച്ചു ഒരു കുത്ത്‌ കൊടുത്തു. ആഹാ, പോസ്റ്റര്‍ ഒട്ടിക്കാന്‍ പറ്റിയ പരുവം. ചുറ്റും നോക്കിയപ്പോള്‍ എല്ലാപേരും ടേസ്റ്റ് ഉള്ള ഫുഡ്‌ കഴിക്കാന്‍ റെഡി ആയി പ്ലേറ്റ് എടുത്തു നില്‍ക്കുവാ. ചോറു ഉണ്ടാക്കുക എന്നു പറഞ്ഞാല്‍ ഒത്തിരി സമയവും എടുക്കും. 2 മുട്ട എടുത്ത്‌ ഓമ്ലേറ്റ്‌ അടിച്ചാലോ? ഒഹ്‌ അതു കൊണ്ടു എന്റെ വിശപ്പു തീരില്ല. വിശപ്പല്ല പ്രശ്നം, അവന്മാര് എല്ലാം കൂടെ എന്നെ എടുത്തിട്ട് അലക്കുമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ ........ എതവനാ സ്വന്തമായി ഉണ്ടാക്കണം എന്ന ഐഡിയ തോന്നിയത്, അവനെ വിട്ടു ഇത് മുഴുവന്‍ തീട്ടിക്കണം എന്ന് പ്രാകി ഇരുന്നപ്പോഴാ  പെട്ടെന്നു എന്നിലെ 'നളന്‍' ഉണര്‍ന്നത് ....

പ്രഷര്‍ കുക്കറിലേക്ക്‌ 2 ഗ്ലാസ്സ്‌ വെള്ളം ഒഴിച്ചു. വീണ്ടും അടുപ്പത്തേക്കു വെച്ചു. നന്നായി ഇളക്കി. ഇപ്പോള്‍ അതു എതാണ്ടു സാരി മുക്കാന്‍ പരുവം ആയി. സ്റ്റവ്‌ ഓഫാക്കി, ചീന ചട്ടി അടുത്ത അടുപ്പില്‍ വെച്ചു. നെയ്യ്‌ ഒഴിച്ചു ഒരു പിടി കശുവണ്ടി, അല്‍പം കിസ്മിസ്‌ മുതലായവ ഇട്ടു മൂപ്പിച്ചു എടുത്തു. അതിനു ശേഷം പ്രഷര്‍ കുക്കറില്ലേക്കു, 4 സ്പൂണ്‍ നെയ്യ്‌, പാല്‍ പൊടി, പഞ്ചസാര, ഏലക്കാ പൊടി ഇവകള്‍ ഇട്ടു നന്നായി ഇളക്കി. നെയ്യുടെ മണം പോര. ഒഴിച്ചു ഒരു 4 സ്പൂണ്‍ കൂടി. നന്നായി ഇളക്കി. ഏതാണ്ട്‌ ഒരു പരുവം ആയി എന്നു തോന്നിയപ്പോള്‍, നേരത്തെ മൂപ്പിച്ചു വെച്ചിരുന്ന അണ്ടിപരിപ്പും, കിസ്മിസും ചേര്‍ത്തു. അല്‍പം നേരം കൂടി ഇളക്കി. സ്റ്റവ്‌ നിര്‍ത്തി. സാധനം ഗ്ലാസ്സിലേക്കു ഒഴിച്ചു. . അല്‍പം നേരം കഴിഞ്ഞു കുടിച്ചു. ആഹ... അമ്പലപുഴ പാല്‍ പായസത്തിന്റെ അതേ രുചി. അടുത്ത ഒരു ഗ്ലാസ്സ്‌ കൂടി കുടിച്ചു. ഉച്ചയ്ക്കു ചോറു തന്നെ ഉണ്ണണ്ണം എന്നു നിയമം ഒന്നും ഇല്ലല്ലോ. പായസവും കുടിക്കാം. 

വൈകിട്ട്‌ പുറത്തേക്കു ഇറങ്ങിയപ്പോള്‍, അടുത്ത വീട്ടിലെ ചേച്ചി ഇറങ്ങി വന്നിട്ട്‌ ചോദിച്ചു "ഉം എന്തായിരുന്നു ഇന്നു സ്പെഷ്യല്‍?  ഇന്നു ഉച്ചക്കു വീട്ടില്‍ നിന്നും ഉഗ്രന്‍ മണം വന്നപ്പോള്‍ തന്നെ ഞാന്‍ ചേട്ടനോടു പറഞ്ഞു, ദാ അപ്പുറത്തെ പിള്ളേരെ  നോക്കി പഠിക്കാന്‍ എന്ന്" ഞാന്‍ ഒട്ടും ഗമ വിടാതെ പറഞ്ഞു-"ഒഹ്‌, അല്‍പം നെയ്യ്‌ ചോറു ഉണ്ടാക്കി, അത്ര തന്നെ"

ഭാഗ്യത്തിനു ചേച്ചി റെസിപ്പി ചോദിച്ചില്ല. പാവം ആ ചേച്ചി അറിയുന്നോ, നെയ്യ്‌ ചോറു വന്ന വഴി.

പക്ഷെ ഇതിന്റെ മറുപുറം ആരും അറിഞ്ഞില്ല... നെയ്ച്ചോര്‍  ഞാന്‍ ഒറ്റയ്ക്ക് "കുടിച്ചു" തീര്‍ത്തു എന്ന സത്യം എന്റെ മുറിയില്‍ ഉള്ളവര്‍ക്കെ അറിയൂ. കുടിച്ചു തീര്തതല്ല, കുടിപ്പിച്ചു തീര്‍ത്തു എന്നതാ സത്യം...

നെയ്ച്ചോര്‍ ഉണ്ടാക്കുന്നവരുടെ ശ്രദ്ദ്യ്ക്കു:- 
നന്നായി വിശന്നിരിക്കുമ്പോള്‍ മാത്രം ഇതു ഉണ്ടാക്കുക. അന്നേരമാ അതിന്റെ രുചി.....പിന്നെ ചൂടോടെ കുടിയ്ക്കുക.

2 comments:

  1. പണ്ട് ഞങ്ങള്‍ ഇതു പോലെ കരിമ്പുട്ട് ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ ബാച്ചികള്‍ക്ക് മാത്രമായി എന്തെല്ലാം പാചകപരീക്ഷണങ്ങള്‍... അല്ലേ? ഇതൊക്കെ ആരറിയുന്നു... :)

    പോസ്റ്റ് കലക്കി

    ReplyDelete
  2. കൊള്ളാം, മുന്നറിന്‍റെ ഓര്‍മ്മകള്‍ എപ്പോഴും നല്ല രസാ....
    ഞാന്‍ 2009 പാസ്‌ ഔടാ
    ഇപോഴാ ചേട്ടന്‍ മുന്നാര്‍ പടിച്ചതന്നു മനസിലയെ.
    ഞാന്‍ എങ്ങിനെയോ ചേട്ടനെ ഫോളോ ചെയ്തതാ....

    ReplyDelete