Friday, July 12, 2013

ente gudra gattaaaaa......

                   ദൈവം തന്‍റെ കരവിരുത് ഏറ്റവുമധികം യൂസ് ചെയ്ത് റിലീസ്‌ ചെയ്ത പ്രോഡക്റ്റ് ഏതാണെന്ന് ചോദിച്ചാല്‍ അന്നാട്ടുകാര്‍ക്ക് ഒന്നേയുള്ളൂ ഉത്തരം – കുട്ടപ്പന്‍. കരിമ്പിന്‍റെ നിറവും കാരിരുമ്പിന്‍റെ ശക്തിയും ഒത്തു ചേര്‍ന്ന വ്യക്തിത്വം; ഫൈവ് ഫീറ്റ് ഹൈറ്റ്, ചകിരിയില്‍ കരിയോയില്‍ പുരട്ടിയ വണ്ണം തലമുടി, Zig Zag പാറ്റേണില്‍ അറേഞ്ച് ചെയ്യപ്പെട്ട ദന്തനിര.! ചുണ്ടുകളുടെ മാര്‍ദ്ദവത്തെ വകഞ്ഞുമാറ്റി ഇടയ്ക്കിടെ പുറത്തേക്ക് ഉന്തി വരുന്ന മുന്‍വശത്തെ രണ്ടു ഷേപ്പ്ലെസ്സ് പല്ലുകള്‍ വിളിച്ചു പറയും കുട്ടപ്പന്‍ ചിരിക്കുകയാണെന്ന്!! കുട്ടപ്പന്‍ കിഴക്കോട്ട് നോക്കുമ്പോള്‍ ഇടതു കാലിലെ തള്ള വിരല്‍ തെക്ക് നിന്ന് വടക്കോട്ടും ബാക്കി വിരലുകള്‍ വടക്ക് നിന്നും തെക്കോട്ടും നോക്കും.! ഇത്രെയുമാണ് കുട്ടപ്പന്‍റെ എക്സ്റ്റീരിയേഴ്സ്. അസൂയ, കുശുമ്പ്, പാരവയ്പ്പ്‌, അഹങ്കാരം എന്നിവയ്ക്ക് പുറകേ അന്നാട്ടില്‍ ഏറ്റവും അറിവുള്ള ആള്‍ താന്‍ തന്നെ എന്ന ചിന്തയുമൊക്കെയാണ് ഇന്‍റീരിയേഴ്സ്.!

               ഇങ്ങനെ കുട്ടപ്പന്‍റെ പേരിനും രൂപത്തിനും തമ്മില്‍ മലയാള സിനിമയും ഓസ്കാറും തമ്മിലുള്ള ബന്ധമായിയിരുന്നുവെങ്കിലും ആളുകള്‍ക്കിടയില്‍ കുട്ടപ്പനെ ഏറ്റവുമധികം ശ്രദ്ധേയനാക്കിയത് അയാളുടെ ഗീര്‍വാണങ്ങളായിരുന്നു. അങ്ങനെയാണ് വെറും കുട്ടപ്പനായിരുന്ന കുട്ടപ്പന്‍ ബ്ലണ്ടര്‍ കുട്ടപ്പനായത്. ട്രോപ്പോസ്‌ഫിയറിലാണ് നില്‍ക്കുന്നതെങ്കിലും എക്സോസ്ഫിയറിനും മുകളിലാണ് തന്‍റെ തല എന്ന രീതിയിലാണ്‌ കുട്ടപ്പന്‍റെ ബ്ലണ്ടറുകള്‍ . അതിനു കുട്ടപ്പന്‍ തിരഞ്ഞെടുക്കുന്നതോ.... തറ, പറ തുടങ്ങിയ സാധനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ മാത്രം വിവരമുള്ള അപ്പാവികളെയും.!! ഇമ്മാതിരിക്കാര്‍ക്ക്, തങ്ങളുടെ ‘തള്ളുകള്‍ക്ക്’ മാക്സിമം പഞ്ച് കൊടുക്കാന്‍ എല്ലായിടത്തും ഉണ്ടാവാറുള്ളത് പോലെ കുട്ടപ്പനും ഉണ്ടായിരുന്നു ഒരാള്‍ - സ്പ്ലെണ്ടര്‍ ബാബുമോന്‍. ബ്ലണ്ടറും സ്പ്ലെണ്ടറും ജന്മനാ കൂട്ടുകാരായിരുന്നു എന്നാണ്‌ നാട്ടുപ്പാട്ട്.! എന്നുവച്ചാ ക്ലെച്ചും ഗിയറും പോലെ അഭേദ്യമായ ബന്ധം! അങ്ങനെയിരിക്കെയാണ് അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടപ്പന് ദുബായില്‍ ഒരു വിസ ശരിയായി അവന്‍ അങ്ങോട്ട്‌ പോയത്.

                ഇന്ന് കുട്ടപ്പന്‍ ദുബായില്‍ നിന്നും മടങ്ങി വരികയാണ്. ആസ്ഥാന നികേഷ്കുമാറായ കൃഷ്ണേട്ടന്‍റെ ചായക്കടയില്‍ ഇന്ന്                   പതിവിലും അധികം ആളുകളുണ്ട്. എല്ലാവരും സംസാരിക്കുന്നത് ബ്ലണ്ടറിന്‍റെ മടങ്ങി വരവിനെ പറ്റിയും. പെട്ടെന്ന്, വലിയ കുറേ പെട്ടികളും ചുമന്നു വന്ന ഒരു ഇന്നോവ ചായക്കടയുടെ മുന്നില്‍ ‍,വന്നു സഡന്‍ ബ്രെക്കിട്ടു. വണ്ടിയുടെ ഫ്രണ്ടില്‍ നിന്നും ബാബുമോന്‍ ഫുള്‍ വോള്‍ട്ടേജ് ചിരിയുമായി ചാടിയിറങ്ങി പിന്നിലെ ഡോര്‍ തുറന്നു. ചുണ്ടന്‍വള്ളം പോലുള്ള ഒരു ഷൂവും അതില്‍ ഫിറ്റ്‌ ചെയ്ത ഒരു കാലും പുറത്തേക്ക് നീണ്ടു.! 5 വര്‍ഷങ്ങള്‍ക്കു ശേഷം ആ രണ്ടു പല്ലുകളുടെ തിളക്കം ആസ്വദിച്ചു കൊണ്ട് നാട്ടുകാര്‍ ഉറപ്പു വരുത്തി - “ഇത് നമ്മുടെ ബ്ലണ്ടര്‍ തന്നെ!!”

വെളുത്ത പാന്‍റും ദുബായ് എന്നെഴുതിയ കറുത്ത ടീ ഷര്‍ട്ടും വേഷം. അപ്പിയറന്‍സില്‍ മേമ്പൊടിയ്ക്കായി ഒരു കൂളിംഗ് ഗ്ലാസ്സും. ഇറങ്ങിയപാടേ പോക്കറ്റില്‍ നിന്നും 555 ന്‍റെ സിഗരറ്റ് പുറത്തെടുത്ത്‌ ചുണ്ടിലേക്ക് തിരുകി. എന്നിട്ട് ആളുകളെ നോക്കി കൈവീശിക്കൊണ്ട് പറഞ്ഞു – “ ഹായ് ഗായ്സ്....!”

ആളുകള്‍ ഞെട്ടി പരസ്പരം നോക്കി.

“ഒരു ചായ എടുക്കട്ടോ കുട്ടപ്പാ....” കുട്ടപ്പന്‍ ചായക്കടയിലേക്ക് കേറിയതും കൃഷ്ണേട്ടന്‍റെ വക ഓഫര്‍ ‍!

“ഓ... നോ നോ.... ഞാനീ ചായയൊന്നും കുടിക്കാറേ ഇല്ല. വിസ്കിയുണ്ടോ വിസ്കി”

കൃഷ്ണേട്ടന്‍ ഇല്ലെന്നു തലയാട്ടി.

“അറ്റ്‌ലീസ്റ്റ് ഒരു ബിയറെങ്കിലും കിട്ടോ, എനിക്കൊന്നു മുഖം കഴുകാന്‍..”

“കുട്ടപ്പാ അതൊന്നും ഇമ്മാതിരി കടകളില്‍ നിന്ന് കിട്ടൂല. ഒന്നുകില്‍ ബാറില്‍ പോണം അല്ലെങ്കില്‍ ബിവറേജസിന്‍റെ ഷോപ്പില്” – ബാബുമോന്‍ ഇടിച്ചു കേറി.

“ശോ! ഇതാണ്; ഇതാണ് ഞാനീ നശിച്ച നാട്ടിലേക്ക് വരാത്തത്. അപ്പൊ എനിക്കൊന്ന് മുഖം കഴുകണമെങ്കില്‍ 25 കിലോമീറ്റര്‍ വണ്ടിയോടിച്ച് സിറ്റിയില്‍ പോകണമെന്ന്... ഹോറിബിള്‍ ‍. ങാ... ബാബൂ... നീയൊരു കാര്യം ചെയ്യ്. ഇവിടത്തെ എക്സൈസ്‌ മന്ത്രീടെ നമ്പര്‍ കൊണ്ട് താ. ഞാന്‍ ദുബായിലെ എന്‍റെ അറബിയെ വിളിച്ച് നാളെ തന്നെ ബിവറേജസ്‌ ഷോപ്പ്‌ ഇങ്ങോട്ട് മാറ്റാന്‍ വേണ്ടത് ചെയ്യാന്‍ പറയാം. ഓക്കേ...?”

“ശോ!! എന്നാലും ഇവന്‍ ഇത്രേം വലിയ ഒരു പ്രസ്ഥാനമായിട്ടാണല്ലോ തിരികെ വന്നത്” എന്ന രൂപേണ ബ്ലണ്ടറിനെ നോക്കി നിന്ന കൃഷ്ണേട്ടന്‍റെ തുറന്ന വായില്‍ക്കൂടി ഉള്ളില്‍ കടന്ന കുറേ ഓക്സിജന്‍ കപ്പിള്‍സ്‌ ഉള്ളില്‍ നിന്ന് ഓരോ കാര്‍ബണിനെയും പിടിച്ചുവലിച്ച് പലതവണ പുറത്തേക്ക് പോയി.!!

“അല്ല ബ്ലണ്ടറേ, ഇങ്ങക്ക് അവിടെ കുതിരക്കാട്ടം കോരുന്ന പണിയാണെന്നാണല്ലോ ഇവിടെയൊക്കെ കേട്ടത്...” – ആള്‍ക്കൂട്ടത്തില്‍ തനിയെ നിന്ന ഒരു അഹങ്കാരി വിളിച്ച് പറഞ്ഞു.

അത് കേട്ടപ്പൊ കുട്ടപ്പന്‍ ഒന്ന് ഞെട്ടി. മുഖത്ത് സ്വതവേ ഉണ്ടായിരുന്ന ചുളിവുകളുടെ എണ്ണം കൂട്ടാതെ തന്നെ, നിന്നെ ഞാന്‍ എടുത്തോളാമെടാ എന്ന മട്ടില്‍ സംശയം പറഞ്ഞവനെ ഒന്ന് നോക്കിക്കൊണ്ട് കുട്ടപ്പന്‍ തുടര്‍ന്നു- “ഹ ഹ ഹ.... കുതിരക്കാട്ടമല്ല; ഗു... ഗു... ഗുദ്രാ.... ഗാട്ടാ.!”

“ഗുദ്രാ ഗാട്ടയോ???” ആരുടെയോ ന്യായമായ സംശയം.

“ഓ സോറി നിങ്ങള്‍ക്ക് ആര്‍ക്കും അറബി അറിയില്ലല്ലോ. ഗുദ്രാ....ഗാട്ടാ.... എന്ന് പറഞ്ഞാല്‍ അറബിയില്‍ കുതിരയിറച്ചി.!! ലോകത്തില്‍ തന്നെ ആദ്യമായി ഗുദ്രാ ഗാട്ട കയറ്റുമതി ചെയ്തത് എന്‍റെ കമ്പനിയല്ലേ. അതിന്‍റെ മാനേജരാണ് ഞാനിപ്പോള്‍ ” - ബ്ലണ്ടര്‍ വച്ച് കീറി.

“ങാ... ഇവനെന്നു പറഞ്ഞാല്‍ ആ അറബിക്ക് ജീവനാ. അറിയോ..?” – ബാബുമോന്‍ പഞ്ചിംഗ് തുടങ്ങി.

“അതെ, അദ്ദേഹം എന്നെ സ്വന്തം മകനെ പോലെയല്ലേ കാണുന്നത്. ങാ അത് പറഞ്ഞപ്പോഴാ, ദേ നിങ്ങളായതുകൊണ്ട് പറയാം. ഞാന്‍ ഇങ്ങോട്ട് വരുമ്പോ എന്‍റെ അറബി ഫ്ലൈറ്റിന്‍റെ പൈലറ്റിനെ വിളിച്ച് സംസാരിച്ചു. ഇടയ്ക്ക് ഉറങ്ങിക്കളയരുതെന്നും, എന്‍റെ ചെക്കന്‍ പുറകില്‍ ഉണ്ടെന്നും ഓര്‍മ്മിപ്പിക്കാനാ വിളിച്ചത്. ഇതറിഞ്ഞതും പൈലറ്റ് ഓടിയിങ്ങു വന്നില്ലേ. പുള്ളി അപ്പോഴേ പറഞ്ഞു സാറ് എയര്‍പോര്‍ട്ട്‌ വരെ വന്നു ബുദ്ധിമുട്ടണ്ട, വീടിനു മുകളില്‍ എത്തുമ്പോ പറഞ്ഞാ മതി സൈഡാക്കി തരാം എന്നിട്ട് പാരച്യൂട്ട് വഴി ഇറക്കാം എന്നൊക്കെ. പിന്നെ ദേ.. ഈ ബാബു എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കും, ഞാന്‍ വഴിയില്‍ ഇറങ്ങി പോയാല്‍ പിന്നെ അവന്‍ എന്നോട് പിണങ്ങും എന്നൊക്കെ പറഞ്ഞ്‌ ഒരു തരത്തിലല്ലേ ഞാന്‍ പൈലറ്റിനെ സമ്മതിപ്പിച്ചത്. രസമതല്ലേയ്.... ഞാന്‍ ഇത് പറഞ്ഞ്‌ തീരുന്നതിനും മുന്‍പേ പഹയന്‍ ഒരു പുതു പുത്തന്‍ പാരച്യൂട്ട് എടുത്ത് പാക്കറ്റ് കവറും പൊട്ടിച്ചു കളഞ്ഞില്ലേ...!!”

അന്യഗ്രഹ ജീവിയെ നോക്കുന്ന കൗതുകത്തോടെ നാട്ടുകാര്‍ കുട്ടപ്പനെ നോക്കി. ‘ഇവന്‍റെ ചന്തിയില്‍ വരച്ച കോല് കൊണ്ട് ഒരേറ് പോലും തങ്ങള്‍ക്ക് കിട്ടിയില്ലല്ലോ എന്‍റീശ്വരാ’ എന്ന ഭാവേന അവര്‍ ദീര്‍ഘം നിശ്വസിച്ചു..!

“ങാ... ഞാന്‍ ഇപ്പൊ വന്നത് ഒരു കല്യാണം കൂടി കഴിക്കാനാ. എല്ലാവര്‍ക്കും ഒരു സന്തോഷവാര്‍ത്ത കൂടി ഉണ്ട്. കല്യാണത്തിന് പ്രധാന വിഭവം, ദുബായിലെ എന്‍റെ കമ്പനിയില്‍ നിന്നും പ്രത്യേകം കൊണ്ട് വരുന്ന ഗുദ്രാ ഗാട്ട ആയിരിക്കും.!” – ഇത്രേം പറഞ്ഞൊപ്പിച്ച് കുട്ടപ്പനും, ബാബുവും വണ്ടിയില്‍ കേറി സ്ഥലം വിട്ടു. ആളുകള്‍ ഗുദ്രാ ഗാട്ട കഴിക്കാന്‍ കൊതി മൂത്ത് ബ്ലണ്ടറിന്‍റെ കല്യാണം പെട്ടെന്ന് നടക്കണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ചായക്കടയുടെ മുന്നില്‍ കുട്ടപ്പന്‍റെ ഇന്നോവ വന്നു നിന്നു. ആദ്യ ചിത്രം പ്രതീക്ഷിക്കാതെ സൂപ്പര്‍ ഹിറ്റായ നായകനെ പോലെ ബ്ലണ്ടറും പുറകെ ബാബുമോനും പുറത്തിറങ്ങി. ചായക്കടയിലേക്ക് കേറിയ കുട്ടപ്പന്‍ വിളിച്ചു പറഞ്ഞു – “സക്സസ്സ്.... സക്സസ്സ്.... എന്‍റെ കല്യാണം ഉറപ്പിച്ചു.!!"

ആളുകളുടെയെല്ലാം മുഖം തെളിഞ്ഞു.

"കുട്ടിയെവിടുന്നാ കുട്ടപ്പാ?” – കൃഷ്ണേട്ടന് സംശയം.

“ഒത്തിരി ദൂരെന്നാ. എന്‍റെ കൃഷ്ണേട്ടാ... ഞാന്‍ ദുബായില് നല്ല ചൊക ചൊകാന്നുള്ള ഒരുപാട് പെണ്‍കുട്ട്യോളെ കണ്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊരെണ്ണം, ഉം.. ഹും... ഇവളെ എനിക്ക് വേണ്ടി ദൈവം മാറ്റി വച്ചത് പോലെ... ഹോ! എന്നെ കണ്ട പാടെ അവള്‍ കേറി പറഞ്ഞു കളഞ്ഞു അവള്‍ക്കു എന്നെ തന്നെ കെട്ടിയാ മതീന്ന്.” – ഉന്തിയ പല്ല് കാട്ടി ചിരിച്ചു കൊണ്ട് കുട്ടപ്പന്‍ തുടര്‍ന്നു.

“നമ്മളീ അപ്സരസ്സ് എന്നൊക്കെ പറയില്ലേ.... ഐശ്വര്യാറായിയും കാവ്യാ മാധവനുമൊക്കെ ഇവളുടെ ഒരു നാലഞ്ചു വരി പിന്നിലെ ഇരിക്കൂ. ഒരൊന്നൊന്നര തലമുടി, ഒരൊന്നൊന്നര കണ്ണ്, മൂക്ക്, ചുണ്ട്. എന്‍റെ കൃഷ്ണേട്ടാ.... അങ്ങനെ ആകെ മൊത്തം ഒരൊന്നൊന്നര പെണ്ണ്.!” – കുട്ടപ്പന് കുളിര് കോരി; കേട്ട് നിന്നവര്‍ക്കും.! ആളുകളുടെ മനസ്സില്‍ “ഗുദ്രാ ഗാട്ട”യായിരുന്നു.

വാട്ടെവര്‍ ഇറ്റീസ്, അങ്ങനെ കല്യാണം കഴിഞ്ഞു. വൈകിട്ട് ബ്ലണ്ടറിന്‍റെ വീട്ടിലാണ് ആളുകളെ ഗുദ്രാ ഗാട്ട കഴിക്കാനായി ക്ഷണിച്ചിരിക്കുന്നത്. ആളുകള്‍ , പ്രായ ഭേദമില്ലാതെ ബ്ലണ്ടറിന്‍റെ വീട്ടിലേക്ക് വച്ച് വിട്ടു. വന്നവര്‍ വന്നവര്‍ നിരന്നിരുന്ന് ഗുദ്രാ ഗാട്ട കഴിക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ഒരു പോലീസ്‌ ജീപ്പ്‌ വന്നു നിന്നത്. S.I ജീപ്പില്‍ നിന്നും ചാടിയിറങ്ങി ഭക്ഷണം കഴിക്കുന്നവരോടായി അലറി –“ ആരും ഒന്നും കഴിക്കരുത്.ത്.ത്.ത്.ത്”

എക്കോ കേട്ട് വീട്ടില്‍ നിന്നും കുട്ടപ്പനും, ബാബുവും പുറത്തിറങ്ങി. S.I, ജീപ്പിന്‍റെ പുറകില്‍ നിന്നും കശാപ്പുകാരന്‍ ഷംസുവിനെ പുറത്തിറക്കുന്നത് കണ്ടതും ബാബുമോന്‍ അവിടെ നിന്നും എസ്കേപ്പായി.!

“ഇവിടെ ആരാ ഈ കുട്ടപ്പന്‍?” - S.I വീണ്ടും അലറി.

“ഞാനാ സര്‍ . സാര്‍ ഇരിക്കണം ഇപ്പൊ വിളമ്പാം. ഡേയ് സാറിന് ഇവിടൊരു പ്ലേറ്റ്” – നെഞ്ചും വിരിച്ചുകൊണ്ട് കുട്ടപ്പന്‍ ആദ്യം S.I യോടും പിന്നെ സപ്ലയറോടും പറഞ്ഞു.

“ഇതെന്തുവാടാ നീ ആളുകള്‍ക്ക് കഴിക്കാന്‍ കൊടുത്തത്?” - S.I വീണ്ടും.

“ഗുദ്രാ... ഗാട്ട.” – നാനോ കാറിനെ ലോകത്തിനു പരിചയപ്പെടുത്തിയ രത്തന്‍ ടാറ്റായെ പോലെ അഭിമാനം തുളുമ്പുന്ന മുഖത്തോടെ കുട്ടപ്പന്‍ പറഞ്ഞു.

“അവന്‍റമ്മൂമ്മേടൊരു ഗുദ്രാ ഗാട്ട; പട്ടിയെ പിടിച്ച്‌ കശാപ്പ് ചെയ്താ അറിയില്ലെന്ന് കരുതിയോടാ...!!?”

ഗുദ്രാ ഗാട്ട കഴിക്കാന്‍ തുടങ്ങിയവരും, കഴിച്ചു തുടങ്ങിയവരും, ദഹിച്ചു തുടങ്ങിയവരും ചാടി എണീറ്റു. പിന്നെ കൈയ്യോണ്ടാണോ കാലോണ്ടാണോ S.I യും നാട്ടുകാരും കൂടി ചോദ്യം ചെയ്തതെന്ന് ബ്ലണ്ടറിനു മനസ്സിലായില്ല. മനസ്സിലായത്‌ ഒന്ന് മാത്രം. എല്ലാം ഷെയര്‍ ചെയ്യാന്‍ എന്നും ഒപ്പം ഉണ്ടായിരുന്ന ബാബുമോന്‍ ഇത്തവണ കൂടെയില്ല എന്ന്. സംഭരിച്ചോണ്ട് വന്ന എനര്‍ജി തീര്‍ന്നപ്പോള്‍ പോലീസും നാട്ടാരും തിരികെ പോയി. കുട്ടപ്പന്‍ വേച്ച് വേച്ച് മണിയറയിലേക്കും. ഒടിവും, ചതവും, രക്തവുമായി കയറി വരുന്ന ഭര്‍ത്താവിനെ കണ്ട് പാലും, പഴവും, മുന്തിരിയുമായി വെയ്റ്റ് ചെയ്യുകയായിരുന്ന ഒന്നൊന്നര പുതുപ്പെണ്ണ് ചക്ക വെട്ടിയിട്ട പോലെ കട്ടിലിലേക്ക് വീണു.!

പിറ്റേന്ന് രാവിലെ ഹോസ്പിറ്റലില്‍.......

ചായ വാങ്ങാന്‍ ഫ്ലാസ്കുമായി ആശുപത്രി വരാന്തയിലൂടെ നടക്കുന്ന ബാബുമോന്‍ പെയിന്‍റര്‍ ചന്ദ്രപ്പന്‍റെ വിളികേട്ട് തിരിഞ്ഞു.

“ഡാ ബാവൂ, അമ്മയ്ക്ക് വയ്യാതെ ഇവിടെ കിടത്തിയിരിക്കുവാ. അതാ ഇന്നലെ കല്യാണത്തിനു വരാതിരുന്നത്. എങ്ങനീണ്ടായെടാ കല്ല്യാണം? ശോ എനിക്കതല്ല ആ ഗുദ്രാ ഗാട്ട ഒന്ന് കഴിക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ക്കുമ്പോഴാ.”

“ങാ അതുകൊണ്ട് അവന് അത്രേം തല്ലു കുറഞ്ഞു” – ബാബു മനസ്സില്‍ പറഞ്ഞു.

“അല്ല ബാവൂ, പെണ്ണ് ഒരൊന്നൊന്നര മോതലാണെന്ന് കുട്ടപ്പന്‍ എല്ലരോടും പറഞ്ഞെന്ന് കേട്ടൂ.... സത്യാണോടാ... അവള്‍ ഒന്നൊന്നരയാണോ?”

“അതെ, അവന്‍ പറഞ്ഞതില്‍ ഒരു തരി പോലും മാറിപ്പോയിട്ടില്ല. അവള്‍ ഒന്നര തന്നെയായിരുന്നു. ഇന്നലെ രാത്രി ചില പ്രത്യേക സാഹചര്യത്തില്‍ അവള്‍ക്ക് ഒന്ന് ബോധം കെടേണ്ടി വന്നു. അങ്ങനെ ആശുപത്രിയില്‍ കൊണ്ട് വന്നപ്പോഴല്ലേ അത് പൂര്‍ണ്ണമായി മനസ്സിലായത്‌.”

“എന്ത്?”

“അവള്‍ ഒന്നല്ല ഒന്നരയാണെന്ന്”

“എന്നുവച്ചാ?”
“അവള് ഗര്‍ഭിണിയായിരുന്നു ഹേ. അതും അഞ്ചു മാസം.!!”

Tuesday, October 26, 2010

നെയ്ച്ചോര്‍ ഉണ്ടാക്കുന്നത്‌ എങ്ങനെ ???- ഒരു പാചകക്കുറിപ്പ്‌


                    കോളേജ് ജീവിതം അങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കുന്ന സമയം. മുന്നാറിന്റെ സൗന്ദര്യവും തണുപ്പും എല്ലാം ആസ്വദിച്ചു ജീവിതം അങ്ങനെ കഴിഞ്ഞു പോകുവാ. ഇതിനിടക്ക ഇടിത്തീ പോലെ ഒന്നാം വര്ഷം കഴിഞ്ഞു പോകുന്നത്. രണ്ടാം വര്ഷം മുതല്‍ ഞങ്ങള്‍ ആണുങ്ങള്‍ എന്നാ വര്‍ഗത്തിന് താമസിക്കാന്‍ ഞങ്ങള്‍ തന്നെ സൗകര്യം കണ്ടു പിടിക്കണം. സംരക്ഷിത വര്‍ഗമായ സ്ത്രീകള്‍ ഭാഗ്യമുള്ളവര്‍. അവര്‍ക്ക് കോളേജ് തന്നെ ഹോസ്റ്റല്‍ ഒരുക്കുന്നുണ്ട്‌. ഒടുവില്‍ തള്ളക്കോഴി കുഞ്ഞുങ്ങളെ ആട്ടി ഓടിക്കുന്ന പോലെ ഞങ്ങളെ ഹോസ്റ്റലില്‍ നിന്നും ഇറക്കി വിട്ടു. അന്ന് അവിടത്തെ പാചകക്കാരന്‍ ജോസഫ്‌ ഏട്ടന്റെ മുഖത്ത് കണ്ട സന്തോഷം പറയാന്‍ പറ്റില്ല. ഓരോ ദിവസവും കഴിക്കുന്നതിനു കണക്കില്ലല്ലോ..... ഒരു പൊറോട്ട ചോദിച്ചിട്ട്  തന്നില്ലെങ്കില്‍ അന്ന് അവിടെ അടിയാണ്.  "നീയൊക്കെ അനുഭവിക്കാന്‍ പോകുന്നതെ ഉള്ളൂ മോനെ...." എന്നാ രീതിയില്‍ ഒരു നോട്ടവും നോക്കി പുള്ളിക്കാരന്‍ അങ്ങനെ നില്‍ക്കുവാ....

                                    പുതിയ വീട്ടില്‍ താമസം ആക്കിയപ്പോള്‍ ആകെയുള്ള പ്രോബ്ലം ഫുഡ്‌ തന്നെ... ഹോട്ടലില്‍ നിനും കഴിക്കുന്നത്‌ കൊണ്ട് ആദ്യത്തെ 2 ദിവസം വളരെ കൂള്‍ ആയി പോയി. പിന്നെ പിന്നെ സ്വന്തം കീശയില്‍ കാശില്ലാത്ത അവസ്ഥ വന്നു.... അപ്പോള്‍ പിന്നെ അടുത്തവന്റെ കീശ തന്നെ ആശ്രയം...... പക്ഷെ മുറിയിലെ കുബെരന്മാരും ഇലനക്കി പട്ടിയുടെ ചിരി നക്കാന്‍ വന്നപ്പോള്‍ ഏതോ തല തെറിച്ചവന്‍ ഒരു ഐഡിയ കൊണ്ട് വന്നു... സ്വന്തമായി ഉണ്ടാക്കി കളയാം....... എല്ലാവരും ഒറ്റക്കെട്ടായി സമ്മതിച്ചു... അപ്പോള്‍ അടുത്ത പ്രശ്നം. "പൂച്ചക്ക് ആര് മണി കെട്ടും". ഇ പറഞ്ഞവന്മാര്‍ക്ക് ആര്‍ക്കും ഉണ്ടാക്കാന്‍ അറിയില്ല.. അപ്പോഴാണ് ആസ്ഥാന കുക്ക് ആയ ഞാന്‍ എന്ന ഞാന്‍ , വെറും ഞാന്‍  രംഗ പ്രവേശനം ചെയ്യുന്നത്.... പണ്ട് ബിരിയാണിക്ക് തീ കത്തിച്ചു കൊടുത്ത എക്സ്പീരിയന്‍സ് ഉണ്ട് എനിക്ക്... എന്നാല്‍ ശരി "മൂക്കില്ല രാജ്യത്ത് മുറിമൂക്കന്‍ രാജാവ് ഞാന്‍ തന്നെ."
                   പിറ്റേന്ന് ഞായറാഴ്ച... വീട്ടു സാധനങ്ങളൊക്കെ തയ്യാര്‍...ഞാന്‍ രാവിലെ പ്രഷര്‍ കുക്കറില്‍ അരിയും ഇട്ട്‌ 7 പ്രാവശ്യം വിസിലും കേട്ട്‌ [ഫോണ്‍ വഴി അമ്മയുടെ സ്പെഷ്യല്‍ ക്ലാസ്സ്‌]നിര്‍ത്തിയിട്ട്‌ പോയതാണു. ഉച്ചയ്ക്കു തെണ്ടി തിരിഞ്ഞു  വന്നു  ഡ്രസ്സ്‌ മാറി, കൂട്ടാന്‍ എല്ലാം സ്റൌവില്‍  വെച്ചു അടുക്കളയില്‍ വന്ന് പ്രഷര്‍ കുക്കര്‍ തുറന്നു നോക്കിയപ്പോള്‍ ഞെട്ടി പോയി. എനിക്ക് എണ്ണം തെറ്റി. ചോറു വെന്ത്‌ കുഴഞ്ഞിരിക്കുന്നു. ഈ പരുവത്തില്‍ ചോറു ഉണ്ണാന്‍ ഒക്കില്ല. കയ്യില്‍ കിട്ടിയ തവി വെച്ചു ഒരു കുത്ത്‌ കൊടുത്തു. ആഹാ, പോസ്റ്റര്‍ ഒട്ടിക്കാന്‍ പറ്റിയ പരുവം. ചുറ്റും നോക്കിയപ്പോള്‍ എല്ലാപേരും ടേസ്റ്റ് ഉള്ള ഫുഡ്‌ കഴിക്കാന്‍ റെഡി ആയി പ്ലേറ്റ് എടുത്തു നില്‍ക്കുവാ. ചോറു ഉണ്ടാക്കുക എന്നു പറഞ്ഞാല്‍ ഒത്തിരി സമയവും എടുക്കും. 2 മുട്ട എടുത്ത്‌ ഓമ്ലേറ്റ്‌ അടിച്ചാലോ? ഒഹ്‌ അതു കൊണ്ടു എന്റെ വിശപ്പു തീരില്ല. വിശപ്പല്ല പ്രശ്നം, അവന്മാര് എല്ലാം കൂടെ എന്നെ എടുത്തിട്ട് അലക്കുമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ ........ എതവനാ സ്വന്തമായി ഉണ്ടാക്കണം എന്ന ഐഡിയ തോന്നിയത്, അവനെ വിട്ടു ഇത് മുഴുവന്‍ തീട്ടിക്കണം എന്ന് പ്രാകി ഇരുന്നപ്പോഴാ  പെട്ടെന്നു എന്നിലെ 'നളന്‍' ഉണര്‍ന്നത് ....

പ്രഷര്‍ കുക്കറിലേക്ക്‌ 2 ഗ്ലാസ്സ്‌ വെള്ളം ഒഴിച്ചു. വീണ്ടും അടുപ്പത്തേക്കു വെച്ചു. നന്നായി ഇളക്കി. ഇപ്പോള്‍ അതു എതാണ്ടു സാരി മുക്കാന്‍ പരുവം ആയി. സ്റ്റവ്‌ ഓഫാക്കി, ചീന ചട്ടി അടുത്ത അടുപ്പില്‍ വെച്ചു. നെയ്യ്‌ ഒഴിച്ചു ഒരു പിടി കശുവണ്ടി, അല്‍പം കിസ്മിസ്‌ മുതലായവ ഇട്ടു മൂപ്പിച്ചു എടുത്തു. അതിനു ശേഷം പ്രഷര്‍ കുക്കറില്ലേക്കു, 4 സ്പൂണ്‍ നെയ്യ്‌, പാല്‍ പൊടി, പഞ്ചസാര, ഏലക്കാ പൊടി ഇവകള്‍ ഇട്ടു നന്നായി ഇളക്കി. നെയ്യുടെ മണം പോര. ഒഴിച്ചു ഒരു 4 സ്പൂണ്‍ കൂടി. നന്നായി ഇളക്കി. ഏതാണ്ട്‌ ഒരു പരുവം ആയി എന്നു തോന്നിയപ്പോള്‍, നേരത്തെ മൂപ്പിച്ചു വെച്ചിരുന്ന അണ്ടിപരിപ്പും, കിസ്മിസും ചേര്‍ത്തു. അല്‍പം നേരം കൂടി ഇളക്കി. സ്റ്റവ്‌ നിര്‍ത്തി. സാധനം ഗ്ലാസ്സിലേക്കു ഒഴിച്ചു. . അല്‍പം നേരം കഴിഞ്ഞു കുടിച്ചു. ആഹ... അമ്പലപുഴ പാല്‍ പായസത്തിന്റെ അതേ രുചി. അടുത്ത ഒരു ഗ്ലാസ്സ്‌ കൂടി കുടിച്ചു. ഉച്ചയ്ക്കു ചോറു തന്നെ ഉണ്ണണ്ണം എന്നു നിയമം ഒന്നും ഇല്ലല്ലോ. പായസവും കുടിക്കാം. 

വൈകിട്ട്‌ പുറത്തേക്കു ഇറങ്ങിയപ്പോള്‍, അടുത്ത വീട്ടിലെ ചേച്ചി ഇറങ്ങി വന്നിട്ട്‌ ചോദിച്ചു "ഉം എന്തായിരുന്നു ഇന്നു സ്പെഷ്യല്‍?  ഇന്നു ഉച്ചക്കു വീട്ടില്‍ നിന്നും ഉഗ്രന്‍ മണം വന്നപ്പോള്‍ തന്നെ ഞാന്‍ ചേട്ടനോടു പറഞ്ഞു, ദാ അപ്പുറത്തെ പിള്ളേരെ  നോക്കി പഠിക്കാന്‍ എന്ന്" ഞാന്‍ ഒട്ടും ഗമ വിടാതെ പറഞ്ഞു-"ഒഹ്‌, അല്‍പം നെയ്യ്‌ ചോറു ഉണ്ടാക്കി, അത്ര തന്നെ"

ഭാഗ്യത്തിനു ചേച്ചി റെസിപ്പി ചോദിച്ചില്ല. പാവം ആ ചേച്ചി അറിയുന്നോ, നെയ്യ്‌ ചോറു വന്ന വഴി.

പക്ഷെ ഇതിന്റെ മറുപുറം ആരും അറിഞ്ഞില്ല... നെയ്ച്ചോര്‍  ഞാന്‍ ഒറ്റയ്ക്ക് "കുടിച്ചു" തീര്‍ത്തു എന്ന സത്യം എന്റെ മുറിയില്‍ ഉള്ളവര്‍ക്കെ അറിയൂ. കുടിച്ചു തീര്തതല്ല, കുടിപ്പിച്ചു തീര്‍ത്തു എന്നതാ സത്യം...

നെയ്ച്ചോര്‍ ഉണ്ടാക്കുന്നവരുടെ ശ്രദ്ദ്യ്ക്കു:- 
നന്നായി വിശന്നിരിക്കുമ്പോള്‍ മാത്രം ഇതു ഉണ്ടാക്കുക. അന്നേരമാ അതിന്റെ രുചി.....പിന്നെ ചൂടോടെ കുടിയ്ക്കുക.

Thursday, September 2, 2010

ഇന്റര്‍വ്യൂ ................


അറിയിപ്പ്  : ഈ കഥയിലെആളുകളുടെ പേരുകള്‍ മാറ്റിക്കൊടുതിരിക്കുന്നത് തല്ലു കിട്ടാതിരിക്കാന്‍ വേണ്ടി മാത്രമാണ്.............മാന്യ വായനക്കാര്‍ ക്ഷമിക്കുക.............. അപ്പോള്‍ തുടങ്ങുകയല്ലേ....?????



കൊച്ചമ്മാവന്റെ മകള്‍ ജാനുവിന് +2വിനു  അഡ്മിഷന്‍ കിട്ടിയ സമയം... 
ഞാനങ്ങനെ സ്വൈര്യമായി കോളേജില്‍  വിഹരിച്ചുകൊണ്ടിരുന്ന സമയം...


അമ്മാവന്‍ എന്ന് പറഞ്ഞാല്‍ നേരെ അമ്മാവന്‍ അല്ല.വകയില്‍ ഒരു അമ്മാവന്‍ ആണ്.  
അവളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ അടുത്ത ഞായറാഴ്ചയാണ്.
കൊച്ചമ്മാവന് നല്ല പനി... കൊച്ചേട്ടന്‍(ജാനുവിന്റെ ചേട്ടന്‍) ജോലിത്തിരക്കായതിനാല്‍ സ്ഥലത്തില്ല...
അങ്ങനെയാണ് അവളെയും കൊണ്ട് ഇന്റര്‍വ്യൂവിനു പോകാമോ എന്ന് അമ്മായി വിളിച്ച് ചോദിച്ചത്. ചീളു കേസല്ലേ എന്നു കരുതി ഏറ്റു.
രാവിലെ ജാനുവിനെ പിക് ചെയ്ത് സ്കൂളിലെത്തി. 

അവള്‍ക്ക് സ്കൂളിലെ  ‘മുറ‘കളൊക്കെ വിസ്തരിച്ചുകൊടുത്ത് ഒന്നു ഷൈന്‍ ചെയ്തുകളയാം... ‘തള്ള്’ ഒട്ടും കുറച്ചില്ല...

നാട്ടിലാണെങ്കില്‍ കാണാന്‍ കൊള്ളാവുന്ന അധികം പേരൊന്നും ഇല്ല.

അതുകൊണ്ട് ഹീറോ ആകാന്‍ ആകെ ഉള്ള കുറച്ചെണ്ണങ്ങളെ വച്ച് അഡ്ജസ്റ്റ് ചെയ്യണം! വിധി...
ഇവറ്റകളാണെങ്കില്‍ വിളഞ്ഞ വിത്തുകളായതുകൊണ്ട് നമ്മുടെ നമ്പരുകള്‍ ഒന്നും അങ്ങോട്ട് ഏല്‍ക്കുകയുമില്ല!
പിന്നെ പണ്ടാരാണ്ട് പറഞ്ഞതുപോലെ “ഉള്ളതുകൊണ്ട് ഓണം പോലെ...”

അങ്ങനെ ക്ലാസ് ബങ്കിങ്ങിന്റെയും, ക്യാമ്പസ് രാഷ്ട്രീയത്തിന്റെയും മറ്റും വീരസാഹസികകഥകളും...
സെമെസ്റ്റര്‍ എക്സാമിനെ നേരിടാനുള്ള നൂറ്റൊന്ന് എളുപ്പവഴികളും ഒക്കെ പറഞ്ഞ് പറഞ്ഞ്... 
“ഹൊ! ഈ സാനുചേട്ടന്‍ ഒരു സംഭവം തന്നെ“ എന്ന് അവളെക്കൊണ്ട് പറയിയ്ക്കാന്‍ ഞാന്‍ മാക്സിമം ശ്രമിച്ചു. 
എവടെ, എന്റെ തൊണ്ടയിലെ വള്ളം വറ്റിയതു മാത്രം മിച്ചം!(സാനു എന്നത് എന്നെ വീട്ടില്‍ വിളിക്കുന്ന പേരാ).... 


അങ്ങനെ ഞങ്ങള്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തി...
കുറച്ചു സമയം പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു... ഒടുക്കം വിളി വന്നു.
പ്രിന്‍സിപ്പാള്‍ കരമനയുള്ള പേരമ്മയെയും വല്യച്ഛനെയുമൊക്കെ അറിയാവുന്ന ആളാണെന്നാണ് കേട്ടത്... 
അതുകൊണ്ട് ഗൌരവം ഒട്ടും കളയാതെ ‘കലിപ്പായിട്ടു‘ നിന്നു...

ഞാന്‍ ജാനുവിന്റെ സ്വന്തം ചേട്ടനാണെന്ന് അവിടെയിരുന്നവര്‍ക്ക് പരിചയപ്പെടുത്തി... 
അങ്ങനെയാകുമ്പോള്‍ കുടുംബപുരാണവും മറ്റും ഇവിടെ വിസ്തരിയ്ക്കേണ്ടിവരില്ലല്ലോ... പിന്നെ മറ്റു ചോദ്യങ്ങളും കുറഞ്ഞിരിയ്ക്കും.

ഒന്നുരണ്ട് പതിവു ചോദ്യങ്ങള്‍ അവളോട് ചോദിച്ചപ്പോളേയ്ക്കും പ്രിന്‍സിയ്ക്ക് കുട്ടിയെ ബോധിച്ചു...

പ്രിന്‍സി: “എന്താണ് ഫ്യൂച്ചര്‍ പ്ലാന്‍?” 
ജാനു: "എം ബി എ ചെയ്യണം...”

(ഈ കുട്ടികളൊക്കെ വഴിപിഴച്ചുപോകയാണല്ലോ ദൈവമേ എന്നു ഞാന്‍ മനസ്സിലോര്‍ത്തു!)

പ്രിന്‍സി: “കൊള്ളാം കുട്ടിയ്ക്ക് ഭാവിയെപ്പറ്റി  നല്ല പ്ലാനിങ്ങ് ഉണ്ട്, വെരി ഗുഡ്. കീപ് ഇറ്റ് അപ്പ്... പോയി ആപ്ലിക്കേഷനുകളും മറ്റും പൂരിപ്പിച്ചോളൂ“

പിന്നെ നേരെ പോയത് ക്ലെര്‍ക്ക് ചേട്ടന്റെ അടുത്തേയ്ക്കാണ്... ഒരു പത്തു നാല്‍പ്പതു വയസു തോന്നിയ്ക്കുന്ന ചേട്ടന്‍.
പുള്ളി നല്ല ഒരു ചിരിയൊക്കെ ചിരിച്ച് അവളോട് കുറേ പേപ്പറിലൊക്കെ ഒപ്പിടാന്‍ പറഞ്ഞു.
എന്നിട്ട് എന്നോട് ചോദിച്ചു...

“ജാനുവിന്റെ... ചേട്ടനായിരിക്കും അല്ലേ...”
ഒട്ടും ഗൌരവം വിടാതെ ഞാന്‍ മറുപടി കൊടുത്തു...
“അതെ”

ചേട്ടന്‍: “ജോലിയിലാണോ അതോ പഠിയ്ക്കയാണോ?”
ഞാന്‍: “പഠിത്തം കഴിയാറായി...”

ചേട്ടന്‍: “എവിടെയാ‍ പഠിക്കുന്നത്?”
ഞാന്‍ കോളേജു വിവരങ്ങളും മറ്റും ആശാനു വിവരിച്ചുകൊടുത്തു.

ചേട്ടന്‍: “അവിടെ എപ്പോളും പ്രശ്നങ്ങളാണെന്നാണല്ലോ കേള്‍ക്കുന്നത്...”
(ചേട്ടന്‍ പുലിയാണ് കേട്ടാ... ഞാന്‍ വിടുമോ...)
ഞാന്‍: “അതിപ്പോ എവിടെയാ പ്രശ്നങ്ങളില്ലാത്തത്? ഞങ്ങളുടെ കോളേജിലെ മാത്രം പ്രശ്നങ്ങള്‍ ഉടന്‍ പത്രത്തിലും റ്റീവീലുമൊക്കെ വരുമെന്നുമാത്രം!”

എന്റെ മറുപടി പുള്ളിയ്ക്കത്ര പിടിച്ചില്ലെന്നു തോന്നുന്നു... എന്തായാലും പുള്ളി വിഷയം മാറ്റി.

ചേട്ടന്‍: “നിങ്ങളുടെ വീട്ടിലേയ്ക്ക് ഇവിടന്നു നല്ല ദൂരം വരും അല്ലേ?”
ഞാന്‍: “ഉവ്വ”

ചേട്ടന്‍:“അപ്പോ കുട്ടിയ്ക്ക് ഇവിടെ ഹോസ്റ്റലില്‍ അഡ്മിഷന്‍ വേണമായിരിക്കും, അല്ലേ?”
ഞാന്‍:“അതെ... അതിനുള്ള കാര്യങ്ങളും കൂടി ശരിയാക്കണം”

ചേട്ടന്‍: “വേറെ സ്കൂളില്‍ വല്ലതും നോക്കിയായിരുന്നോ?"
ഇയാള്‍ക്കിതെന്തൊക്കെയറിയണം... ഞാന്‍ എങ്ങും തൊടാതെ ഉണ്ടെന്നും ഇല്ലെന്നും അര്‍ത്ഥം വരുന്ന രീതിയില്‍ തല കുലുക്കി.

ചേട്ടന്‍: “വീട് നെയ്യാറ്റിന്‍കര, അല്ലേ? എത്ര ദൂരം വരും?” 
അതിനു ജാനു വിശദമായി ഉത്തരം കൊടുത്തു.

ഇതുകണ്ട് അവള്‍ക്ക് പിന്നെയും കുറേ പേപ്പറുകള്‍ കൂടി ചേട്ടന്‍ ഒപ്പിടാന്‍ എടുത്തുകൊടുത്തു.
എന്നിട്ടെന്നോടുചോദിച്ചു... 
“അച്ഛനെന്താ പരിപാടി?”

ഞാന്‍: “ആരുടെ? ഇവളുടെയോ, അതോ എന്റെയോ?”

ദാ കിടക്കണു... ഒരു നിമിഷത്തേയ്ക്ക്, ഞാനിവളുടെ ചേട്ടനായിട്ടാണ് ഇവിടെ വന്നിരിയ്ക്കുന്നതെന്ന കാര്യം മറന്നുപോയി!

എടുത്തപടിയ്ക്കുള്ള എന്റെ ഈ ഈ മറു-ചോദ്യം കേട്ടപ്പോള്‍ ആ ചേട്ടന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസങ്ങള്‍ എനിയ്ക്ക് വിസ്തരിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു!
കുറ്റബോധമാണോ... സംശയമാണോ... പരിഭ്രമമാണോ... ആ......... ദൈവത്തിനു അറിയാം !

Wednesday, September 1, 2010

ഇതിലും വലുത് എന്തൊക്കെയാ സഹിച്ചിട്ടുള്ളത്........ ഇതും കൂടെ സഹിച്ചൂടെ നിങ്ങള്ക്ക്

                            ഞാനൊരു കവിത ചൊല്ലുകയാ ...സമ്മതം വാങ്ങാതെ ..ചിലപ്പോഴൊക്കെ ആരും കേള്‍കാനില്ലെന്നു ഉറപ്പുള്ളപ്പോള്‍ ഞാനത്തരം സാഹസത്തിനു മുതിരാറുണ്ട്‌.. മികപ്പോഴും ടി.വി യിലെ പരസ്യത്തില്‍ ബോറടിക്കുംപോഴോ അല്ലെങ്കില്‍ സീരിയല്‍ കാണാന്‍ വേണ്ടി അമ്മ റിമോട്ട് വാങ്ങിക്കുംപോഴോ ആണ് കവിത പുറത്തു ചാടുക..അപ്പൊ മധുസുധനനും ഓ.ന്‍.വി യും ഒക്കെ ഓടി വരും മനസ്സിലോട്ടു. അമ്മക്ക് കവിത ഭയങ്കര ഇഷ്ടമാ ..ഞാന്‍ കവിത ചൊല്ലാന്‍ തുടങ്ങ്യാല്‍ അമ്മ അപ്പൊ ചൂലെടുക്കും ..(ഓഫീസില്‍ ഇരുന്നു അറിയാതെ ഒരു കവിത ചൊല്ലിയാല്‍ തന്നെ മുന്‍പില്‍ ഇരിക്കുന്നവരുടെ തീക്ഷ്ണമായ നോട്ടം കാണും....... അതോടെ തീരും എന്നിലെ കവി വാസന... ).......സൊ നേരെ പറമ്പിലോട്ടു.. മിക്കവാറും കുളകടവില്‍ ..മീനിനും അണ്ണാറക്കണ്ണനുമൊന്നു സംസാരിക്കാന്‍ പറ്റാത്തതിനു ദൈവത്തിനു സ്തുതി!! മഴ പൈയ്തു കുളമാകെ കലങ്ങി കിടക്കുകയാണ് ..പിന്നെ കുറെ കൊല്ലങ്ങളായി ആരും ഉപയോഗിക്കുന്നുമില്ല ..അവിടെ ഇരുന്നു പാടിയാല്‍ ഒരു കുഞ്ഞും കരയില്ല ... ഒരുപാടു മീന്‍ ഉണ്ട്.. ചുമ്മാ അവിടെ ഇരുന്നാല്‍ മതി..ബ്രാല്‍ ഒക്കെ വന്നു ഒന്നെത്തി നോക്കും.. അവരുടെ സാമ്രാജ്യത്തില്‍ അതിക്രമിച്ചു കയറാന്‍ ഇവനാരെടാ എന്ന ഭാവത്തില്‍..അവര്‍ക്ക് സംക്രാന്തി ദിവസം മാത്രം പേടിച്ചാല്‍ മതീലോ..അന്നാണ്  രമേഷും  കൂട്ടരും വലയുമായി മീന്‍ പിടിക്കാന്‍ വരുക ....അയ്യോ നമുക്കു തുടങ്ങണ്ടേ...അതിന് മുന്പ് ഈ സിനിമയിലൊക്കെ കാണുന്ന പോലെ കുറച്ചു കുഞ്ഞു കല്ലുകള്‍ പെറുക്കി കുളത്തിലെക്കിടാം ...ബ്ലും ബ്ലും ബ്ലും ബ്ലും ...കവിതക്കൊരു ബാക്ക് ഗ്രൌണ്ട് മ്യൂസിക് വേണ്ടേ ...



" ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിത പീലി തന്നൂ...
എന്‍ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ...
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ...

ഒരു കുഞ്ഞു പൂവിലും കുളിര്‍ കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ ...
ജീവനുരുകുമ്പോളൊരു തുള്ളി ഉറയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ ..
കനവിന്റെയിതളായി നിന്നെ പറത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ ..

ഒരു കുഞ്ഞു രാപാടി കരയുമ്പോഴും നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു ...
നിന്നിലഭയം തിരഞ്ഞു പോകുന്നു ....

അടരുവാന്‍ വയ്യ ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ നിത്യ സത്യം........................"